6-August-2023 -
By. news desk
കൊച്ചി: തോളിലെ രോഗനിര്‍ണ്ണയം അത്യാധുനിക ശസ്ത്രക്രിയാ രീതികള്‍ എന്നിവ പഠന വിഷയമാക്കി ഓര്‍ത്തോപീഡിക് വിദഗ്ദരുടെ അന്താരാഷ്ട്ര സമ്മളനം 'ഗോഡ്സ് ഓണ്‍ കണ്ട്രി ഷോള്‍ഡര്‍ കോഴ്സ് 2023' ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്നു.മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ആര്‍ത്രോസ്കോപ്പി സൊസൈറ്റി (ഐഎഎസ്), കേരള ഓര്‍ത്തോപീഡിക് അസോസിയേഷന് (കെ ഒ എ), ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ (എസ്ഇഎസ്ഐ), ആര്‍ത്രോസ്കോപ്പിക് സര്‍ജന്‍സ് ഓഫ് കേരള (എ എസ് ഐ കെ ) കൊച്ചിന് ഓര്‍ത്തോപീഡിക് സൊസൈറ്റി ഓഫ് ഇന്ത്യ (സി ഒ എസ്) എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.പ്രമുഖ ഷോള്‍ഡര്‍ സര്‍ജനും എസ്.ഇ.എസ്.ഐ മുന്‍ ദേശീയ അധ്യക്ഷനുമായ ഡോ. ആശിഷ് ബബുല്ക്കര് (മഹാരാഷ്ട്ര ) സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏറ്റവും ഉപയോഗിക്കപ്പെടുന്ന ശരീരഭാഗങ്ങളില്‍ ഒന്നായ തോളിന് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഗുരുതരമാകുന്നത് വരെ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. പാരമ്പര്യം, തോളിന്റെ തെറ്റോ അമിതമോ ആയ ഉപയോഗം, അപകടം, സ്ട്രെസ് എന്നിവയാണ് പൊതുവായ രോഗ കാരണങ്ങള്‍,അദ്ദേഹം പറഞ്ഞു.മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആന്റ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. സോജന് ഐപ്പ് അധ്യക്ഷത വഹിച്ചു. ഡോ.അറുമുഖം (മുന്‍ പ്രസിഡന്റ്, ഐ.എ.എസ്.), ജോയ് പി ജേക്കബ്, സി ഇ ഒ, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് , ഡോ. വര്‍ഗീസ് പോള്‍, ഡോ. പ്രതാപ് കുമാര്‍ (പ്രസിഡന്റ് ,എസ്ഇഎസ്ഐ), ഡോ. ടാജന്‍ പി.ജെ (പ്രസിഡന്റ്, കെ.ഒ.എ.), ഡോ. ഡെന്നിസ് പി. ജോസ് (പ്രസിഡന്റ്, സി.ഒ.എസ്.), ഡോ. ഷില്ലര്‍ ജോസ് (പ്രസിഡന്റ്, എ.എ.എസ്.കെ.), ഡോ. ബാബു ജോസഫ് (പ്രസിഡന്റ്, സെസ്ക്), ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്സ് മേധാവി ഡോ. സുജിത് ജോസ് എന്നിവര്‍സംസാരിച്ചു.ഷോള്‍ഡര്‍ അസ്ഥിരത (സ്ഥാനചലനം, വഴുതിപ്പോകല്‍, അയവുള്ളതോ തൂങ്ങിക്കിടക്കുന്നതോ, മുതലായവ), റോട്ടേറ്റര്‍ കഫ് പരിക്കുകള്‍, ഷോള്‍ഡര്‍ റീപ്ലേസ്മെന്റുകള് എന്നിങ്ങനെ മൂന്ന് പ്രധാന വിഷയങ്ങളിലായി തത്സമയ ശസ്ത്രക്രിയകള്‍, വര്‍ക്ക്ഷോപ്പുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ ഉള്‍പ്പെട്ട ശാസ്ത്ര സെഷനുകളാണ് സമ്മേളനത്തില്‍ നടന്നത്.
റൊട്ടേറ്റര്‍ കഫ് പരിക്കുകള്‍ വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. സുജിത് ജോസ് പറഞ്ഞു. പേശികളും അസ്ഥിബന്ധങ്ങളും, ടെന്‍ഡോണുകളും ചേര്‍ന്ന റൊട്ടേറ്റര്‍ കഫ് ആണ് കൈ തോളുമായി ബന്ധിപ്പിച്ച് നിര്‍ത്തി അനായാസമായ ചലനങ്ങള്‍ സാധ്യമാക്കുന്നത്.അമിതമായ ഉപയോഗം, പ്രായമാകല്‍ പരിക്കുകള്‍ എന്നിവ കൊണ്ട് ടെന്‍ഡോണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചലനത്തെ ബാധിക്കുന്ന പ്രശ്നങ്ങളും വേദനയും ഉണ്ടാവുന്നു. ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പ്രവണത ഇല്ലാതാവണമെന്നുംഡോ സുജിത് ജോസ് പറഞ്ഞു.ആര്ത്രോസ്കോപ്പിയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍, ഷോള്‍ഡര്‍ ആര്‍ത്രോപ്ലാസ്റ്റി ടെക്നിക്കുകളില്‍ (ശസ്ത്രക്രിയാ പുനര്‍നിര്‍മ്മാണവും മാറ്റിസ്ഥാപിക്കലും), രോഗനിര്‍ണയത്തിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഉപയോഗിക്കുന്ന നൂതന നടപടിക്രമങ്ങള്‍ എന്നിവ ശാസ്ത്ര സെഷനുകള്‍ ചര്‍ച്ച ചെയ്തു.തോളില്‍ അസ്ഥിരത, റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ എന്നിവയുടെ ചികിത്സയിലെ ഏറ്റവും പുതിയ നടപടിക്രമങ്ങളും സാങ്കേതിക വിദ്യകളും വിശദീകരിക്കുന്നതിന് ആദ്യ ദിവസം തത്സമയ ആര്‍ത്രോസ്കോപ്പിക് ശസ്ത്രക്രിയകള്‍ നടന്നു.ഷോള്‍ഡര്‍ അസ്ഥിരതയെക്കുറിച്ചുള്ള ശാസ്ത്ര സെഷനുകള്‍ ക്ലിനിക്കല്‍ പരിശോധന, ഇമേജ് റീഡിംഗ്, അത്ലറ്റുകള്ക്കുള്ള മാനേജ്മെന്റ് പ്രോട്ടോക്കോള്‍, ചികിത്സയിലെ വെല്ലുവിളികള്‍, ചികിത്സാ അല്‍ഗോരിതം എന്നിവ ചര്‍ച്ച ചെയ്തു.